ബ്രസല്സ് യൂറോപ്പിലെ പ്രമുഖ സൂപ്പര്മാര്ക്കറ്റ് ശൃംഖലകള്ക്കുനേരേ വലിയതോതിലുള്ള സൈബര് ആക്രമണം. സൂപ്പര്മാര്ക്കറ്റുകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും ഡിജിറ്റല് കണ്ട്രോളറുകള് വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ ഹാക്ക് ചെയ്ത കുറ്റവാളികള് ഉപകരണങ്ങളിലെ ചൂട് അമിതമായി വര്ധിപ്പിക്കുകയായിരുന്നു. ഫ്രാന്സില് ആദ്യം റിപ്പോര്ട്ട് ചെയ്ത സംഭവം പിന്നീട് സ്പെയിന്, പോര്ച്ചുഗല്, ജര്മനി, ബെല്ജിയം തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്ട്ട് ചെയ്തു. ഫ്രാന്സില് മാത്രം തിങ്കളാഴ്ച രാത്രിയോടെ 700 ഓളം സൂപ്പര്മാര്ക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങള് തകര്ക്കപ്പെട്ടു. ഫ്രീസറുകളുടെ താപനില 50 മുതല് 80 ഡിഗ്രി സെല്ഷ്യസ് വരെ ഉയര്ന്നതോടെ ഇറച്ചി, മത്സ്യം, ഫ്രോസണ് ഭക്ഷണങ്ങള് ഉള്പ്പടെയുള്ള കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ സാധനങ്ങള് ഉപയോഗശൂന്യമായി. ചിലയിടങ്ങളില് ഫ്രിഡ്ജുകള്ക്ക് തീപിടിക്കുകയും ചെയ്തു.
ഫ്രാന്സില് പ്രമുഖ ബ്രാന്ഡുകളായ ഡാന്ഫോഴ്സ് , കോപ്ലാന്ഡ്, ഡിക്സെല് എന്നിവയുടെ കണ്ട്രോളറുകളാണ് ആക്രമിക്കപ്പെട്ടത്. ഉപകരണങ്ങളുടെ സോഫ്റ്റ്വേറുകള് കാലഹരണപ്പെട്ടതും ഇന്റര്നെറ്റില് സുരക്ഷയേതുമില്ലാതെ തുറന്നുവച്ചതും ഹാക്കര്മാരുടെ ജോലി എളുപ്പമാക്കി. ഫ്രിഡ്ജുകളിലെ ഡിഫ്രോസ്ററ് സംവിധാനം ഓണ് ചെയ്തശേഷം താപനില പരിധി പൂര്ണമായി നീക്കം ചെയ്യുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു വ്യക്തിയോ ഹാക്കിംഗ് ഗ്രൂപ്പോ ഏറ്റെടുത്തിട്ടില്ല. സൈബര് സുരക്ഷാ ഏജന്സികള് സംഭവത്തില് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
Comments: